പിണറായി പറഞ്ഞതും കാന്തപുരം കേട്ടതും ജനം മനസ്സിലാക്കേണ്ടതും

പിണറായി പറഞ്ഞതും കാന്തപുരം കേട്ടതും ജനം മനസ്സിലാക്കേണ്ടതുംകഴിഞ്ഞ ആറു വര്‍ഷത്തോളമായി മുസ്ലിം സമുദായത്തില്‍ വിവാദങ്ങള്‍  ഇളക്കി വിട്ട കാന്തപുരം   എ പി വിഭാഗത്തിന്റെ 'തിരു മുടി സൂക്ഷിപ്പ്  ' വിവാദം കേരളീയ സമൂഹത്തില്‍  വ്യാപക ചര്‍ച്ചക്ക് ഇടയായിരിക്കുന്നു . എന്ത് കൊണ്ടാണ് ഇത്ര ചൂടുള്ള ഒരു വിവാദമായി ഈ വിഷയം കഴിഞ്ഞ  ദിവസം  മുതല്‍  മാറിയത് ?.

ഇതായിരുന്നു സഖാവ് പിണറായിയുടെതായി വന്ന വിവാദമായ  വാക്കുകള്‍ :

ഒഞ്ചിയം: മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ മുടി കത്തില്ലെന്നാണ് ഇപ്പോള്‍ ഒരു കൂട്ടരുടെ അവകാശവാദം.  കത്തുമെന്ന് മറ്റൊരു കൂട്ടര്‍. തര്‍ക്കങ്ങളും വിവാദങ്ങളും ഇത്തരത്തിലാണ് പോകുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
സി പി എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നാദാപുരം റോഡില്‍ ഡോ. സുകുമാര്‍ അഴീക്കോട് നഗറില്‍ സംഘടിപ്പിച്ച 'വാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് കാന്തപുരം സുന്നി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുടിപ്പള്ളി നിര്‍മാണത്തെ പരസ്യമായി വിമര്‍ശിച്ച് പിണറായി വിജയന്‍ രംഗത്തെത്തിയത്.


അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരാനുള്ള ശക്തമായ ശ്രമങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഹിന്ദുക്കള്‍ക്ക് ഒരുപാട് ദേവന്മാരുണ്ട് എന്നാല്‍ ഇപ്പോള്‍  ദേവന്മാരേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളാണ്. പ്രഭാഷണവേദികളിലല്ല നമ്മുടെ കാതുകള്‍. മതങ്ങളും മതമേധാവികളും നഗ്‌നമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നു- പിണറായി പറഞ്ഞു.
================================================================
പിണറായി വാ പൂട്ടുന്നതിനു മുന്‍പ് തന്നെ കാന്തപുരത്തിന്റെ മറുപടിയും വന്നു .
കോഴിക്കോട്: തിരുകേശ വിവാദത്തില്‍ അഭിപ്രായം പറയാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധികാരമില്ലെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ  പി അബൂബക്കര്‍ മുസ്‌ലിയാര്‍. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ അത് വര്‍ഗീയതയ്ക്കു കാരണമാകുമെന്നാണ് കാന്തപുരത്തിന്റെ കണ്ടെത്തല്‍. പ്രശ്‌നത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. തിരുകേശ വിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തിരുകേശം സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. മുസ്‌ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ ഒരു ചെറിയ വിഭാഗത്തിന് ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം. മുമ്പും പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇത് രാഷ്ട്രീയക്കാര്‍ നോക്കേണ്ടതില്ല.  രാഷ്ട്രീയക്കാരുമായി ഇത് ചര്‍ച്ചചെയ്യേണ്ടതില്ല.
രാഷ്ട്രീയ ശ്രദ്ധ കിട്ടാനാണോ പിണറായി ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഇസ്‌ലാം മതത്തെക്കുറിച്ച് പറയാന്‍ മറ്റ് മതവിശ്വാസികള്‍ക്ക് അധികാരമില്ലെന്നും കാന്തപുരം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. എല്ലാ പാര്‍ട്ടിയും ഞങ്ങള്‍ക്ക് ഒരുപോലെയാണ്. തങ്ങള്‍ ഒരിക്കലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം നിന്നിട്ടില്ല. ഇനി നില്‍ക്കുകയില്ലെന്നും കാന്തപുരം പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി  കഴിഞ്ഞദിവസം നാദാപുരത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് പിണറായി വിജയന്‍ തിരുകേശത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
''മുടിയുടെ പേരിലും തര്‍ക്കമാണിപ്പോള്‍. മുടി കത്തിച്ചാല്‍ കത്തുന്നതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതിന്റെ പേരിലും വലിയ തര്‍ക്കം നടക്കുന്നു. മുടി കത്തുമെന്ന് ഒരു കൂട്ടര്‍. കത്തില്ലെന്നു മറ്റൊരു കൂട്ടരും. വിവാദങ്ങള്‍ ഈ തരത്തിലാണ് ഉയരുന്നത്. പരിമിതമായ യുക്തിബോധം പോലും തകര്‍ത്തെറിയുന്ന സ്ഥിതിയാണുള്ളതെന്നും ഇത്തരം കാര്യങ്ങള്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നുമാണ്'' പിണറായി പറഞ്ഞത്. ഇതിനു മറുപടിയെന്നോണമാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രതികരിച്ചത്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ പ്രചാരണം നടത്താനും ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ഇടയാളരില്ലാതെ നേരിട്ട് ഇടപെടാനും തിരുവനന്തപുരത്ത് സമാപിച്ച സി പി എം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമെന്നോണമാണ് അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കെതിരെ പാര്‍ട്ടി സെക്രട്ടറി വിമര്‍ശം ഉന്നയിച്ചത്. എന്നാല്‍ മതത്തിന്റെ പേരില്‍ ആത്മീയ വാണിഭം നടത്തുന്ന കേന്ദ്രങ്ങള്‍ക്ക് ഇത് തീരെ ദഹിച്ചിട്ടില്ല.
=================================================================
ഒരു മുസ്ലിം എന്ന നിലക്ക് പിണറായി പറഞ്ഞതും കാന്തപുരം പറഞ്ഞതും  കേട്ട് ഒരു നിലപാട് എടുക്കേണ്ടതുണ്ട്‌ . (ഈ വിഷയത്തില്‍ പ്രവാചകന്റെ തിരു ശേഷിപ്പ് ആണെങ്കില്‍ പോലും അതിനു യാതൊരു അത്ഭുത സിദ്ധികളൊന്നുമില്ല എന്ന് പരിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക അദ്ധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നതിനാല്‍ പുതിയൊരു നിലപാടിന്    നിര്‍ബന്ധമൊന്നുമില്ല ,എങ്കിലും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന സെക്രട്ടറിയും , മുസ്ലികളിലെ ഒരു പ്രധാന അവാന്തര വിഭാഗത്തിന്റെ  സര്‍വ്വവുമായ നേതാവും പറയുന്ന കാര്യങ്ങള്‍ക്ക് അതിന്റേതായ ഗൌരവം കൊടുക്കണമല്ലോ  )

പിണറായി പറഞ്ഞത് പച്ച പരമാര്‍ത്ഥം :മുടി ആരുടെതായാലും കത്തിച്ചാല്‍ കത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍
കാന്ത പുരം  പറഞ്ഞതും സത്യം :തിരുകേശം അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്. തിരുകേശ വിവാദം മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. തിരുകേശം സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.
 പിണറായി വിജയന്‍ പറഞ്ഞതാണ് ശരിയായ കാര്യമെങ്കില്‍ പോലും  പിണറായി വിജയന്‍ പറയുന്നതാണ് മതത്തിലെ ശരിയായ  വിശ്വാസം  എന്ന് കേരളത്തിലെ ഒരു മത വിശ്വാസിയും അംഗീകരിക്കില്ല , എന്നാല്‍ നമ്മുടെ രാജ്യത്തെ ജനങ്ങളെ പൊതുവില്‍
 (ഏതൊരു മത വിശ്വാസിയും മത വിശ്വാസമില്ലാത്തവരെയും ) ബാധിക്കുന്ന ഭരണ പരമായ പ്രശ്നങ്ങളില്‍ പിണറായി പറയുന്നത് (അദ്ദേഹം പാര്‍ട്ടി സെക്രട്ടറി ആയിരിക്കുവോളം ) ശരിയാണ് എന്ന് അംഗീകരിക്കുന്ന (മത)പാര്‍ട്ടി പ്രവര്ത്തകരുണ്ട് . എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം . ?

പിണറായി പറയുന്ന എല്ലാ കാര്യങ്ങളും  പറയുവാന്‍ അദ്ദേഹം  ഇരിക്കുന്ന സ്ഥാനത്ത് ഇരുന്നു പറയുവാന്‍   നമ്മുടെ രാജ്യത്തെ  ഭരണ ഘടന പ്രകാരം അവകാശമുണ്ടോ എന്നതാണ് പ്രശ്നം.അഥവാ ഉണ്ടെങ്കില്‍ അതു  സാമൂഹിക തലത്തില്‍  ഉണ്ടാക്കുന്ന ഫലം എന്താണ് എന്ന് ആലോചിക്കേണ്ടതുണ്ട് .

എന്ത് അന്ധ വിശ്വാസവും മത വിശ്വാസത്തിന്റെ പേരില്‍ നിബന്ധനകളോടെ കൊണ്ട് നടക്കുവാന്‍ സ്വാതന്ത്ര്യമുള്ള ഇന്ത്യ പോലൊരു രാജ്യത്ത്, ഭരണ ചക്രം പിടിക്കുവാന്‍ വേണ്ടി പൊതു പ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയ കക്ഷികള്‍ ഇപ്രകാരം ഒരു വിശ്വാസം അന്ധ വിശ്വാസമാണ് എന്ന് പറഞ്ഞു പക്ഷം പിടിക്കുന്നത്‌ ശരിയല്ല . രാജ്യത്തെ ഏതൊരു പൌരന്റെയും വിശ്വാസങ്ങള്‍ പുലര്‍ത്താനും ,അനുഷ്ടിക്കുവാനുമുള്ള സ്വാതന്ത്ര്യവും അവകാശവും കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുവാന്‍ ബാദ്ധ്യതപ്പെട്ട അല്ലെങ്കില്‍ അങ്ങനെ ഭാവിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ പ്രത്യേകിച്ചും . വിശ്വാസം അന്ധമാണോ അല്ലയോ എന്ന്  മത പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍  തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം അതാതു മതങ്ങളിലെ  പണ്ഡിതന്മാര്‍ക്ക് വിട്ടു കൊടുക്കുന്നതാണ് അഭികാമ്യം .
അതില്‍ ഒരാള്‍ ത്രുപ്തനല്ലെങ്കില്‍ തന്റേതായ വിശ്വാസം അതേ മതത്തിന്റെ  പ്രമാണങ്ങളുടെ  പേരില്‍ പുലര്‍ത്തുവാനും അത് വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രച്ചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിലുണ്ട് .
പിണറായി എന്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞത് എന്ന് വ്യക്തം . 
അത് നമുക്ക് പരീക്ഷണത്തിലൂടെ തെളിയിക്കാവുന്ന ഒരു കാര്യമാണ് എന്ന ഉറച്ച സാമാന്യ യുക്തി വിശ്വാസത്തിലൂടെയാണ്   അദ്ദേഹം അങ്ങനെ പറഞ്ഞത് . എന്നാല്‍ ഒരു ഇസ്ലാം  മത വിശ്വാസിയെ സംപന്ധിചെടത്തോളം അത് പോരാ ..., അഥവാ ഇസ്ലാമിക പ്രമാണങ്ങളുടെ പരിശോധനക്ക് ശേഷമേ ഈ വിഷയത്തില്‍ ഒരു വിശ്വാസിക്ക്  തീരുമാനം എടുക്കുവാന്‍ കഴിയൂ .എന്ത് കൊണ്ടെന്നാല്‍ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും  മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന പരിശുദ്ധ ഖുര്‍ആനിന്റെയും അന്തിമ പ്രവാചകന്റെ ചര്യക്കും അനുസരിച്ചേ ഒരു വിശ്വാസിക്ക് തീരുമാനങ്ങളുണ്ടാവൂ . സാമാന്യ യുക്തിയോ ശാസ്ത്രമോ അടിസ്ഥാന മാനദന്ടമല്ല എന്ന് ചുരുക്കം . 
അപ്രകാരമാണെങ്കില്‍ സാമാന്യ യുക്തി അനുസരിച്ച് പ്രവാചക തിരുമേനി എഴുത്തും വായനയും അറിയുന്ന ആളായിരുന്നു എന്ന് വിശ്വസിക്കേണ്ടി വരും . എഴുത്തും വായനയും അറിയാത്ത ഒരാള്‍ക്ക് എങ്ങനെ ഖുര്‍ആന്‍ എഴുതിയുണ്ടാക്കുവാന്‍ കഴിയും എന്ന് സാമാന്യ ബുദ്ധി ചോദിക്കുമല്ലോ . ?
(എന്നാല്‍ വസ്തുത അതല്ല എന്നും പരിശുദ്ധ ഖുര്‍ആന്റെ അവതരണം എങ്ങനെയായിരുന്നു എന്നും വിശ്വാസികള്‍ക്കറിയാം . മലക്ക്  എന്നൊരു അസ്ഥിത്വം  പക്ഷെ സാമാന്യ യുക്തിക്കാര്‍ സമ്മതിച്ചു തരില്ലല്ലോ  )


(മുന്‍പ് ടി കെ ഹംസ സാഹിബ് പറഞ്ഞതും അങ്ങനാണല്ലോ .പ്രവാചകന് എഴുത്തും വായനയും അറിയാം എന്ന് .  അത്  മത പ്രമാണങ്ങള്‍ വിട്ടു  സാമാന്യ യുക്തി പ്രയോഗിച്ചതാവാം )
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
രാഷ്ട്രീയ നേതാക്കള്‍ക്ക്  മത വിശ്വാസങ്ങളില്‍ ഇടപെടാമെങ്കില്‍ , പിണറായി വിജയന്‍ ആദ്യമായി പറയേണ്ടത്  മുസ്ലിമ്കളിലെ  ശവകുടീര വ്യവസായത്തിനെതിരിലാണ് . സാമാന്യ യുക്തി അനുസരിച്ച് ഒരു  മനുഷ്യന്‍ മരിച്ചാല്‍ അതോടെ അയാളുടെ കേള്‍വിയും ,കാഴ്ചയും നഷ്ടമായി എന്നതില്‍ ഒരു സംശയവുമില്ല . 
പിണറായിക്ക് ഇങ്ങനെ പറയാം:

 "
 ആര് മരിച്ചാലും ജീര്‍ണ്ണിച്ചു മണ്ണാവും . കേള്‍വിയും കാഴ്ചയും നഷ്ടപ്പെടും "


മരിച്ചവര്‍(അവര്‍ മഹാന്മാര്‍ ആയിരിക്കണം എന്ന് മാത്രം ) കേള്‍ക്കുമെന്ന് മാത്രമല്ല ജീവിച്ചിരിക്കുമ്പോള്‍ മനസ്സിലാകാത്ത ഭാഷ പോലും മരണ ശേഷം  മനസ്സിലാകും എന്നും  കേള്‍വിയുടെ ദൂര പരിധി   പോലും ഒരു പ്രശ്നമല്ല എന്ന് പോലും വിശ്വസിക്കുന്ന ആളുകളാണ് മുസ്ലിം സമുദായത്തില്‍ ബഹു ഭൂരിപക്ഷവും .   ഈ വിശ്വാസങ്ങളുടെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്നവരാണ് അവരില്‍ ഭൂരിഭാഗവും .ഇക്കാര്യത്തില്‍ പിണറായി വിജയന്‍ അഭിപ്രായം പറഞ്ഞാല്‍ പാര്‍ട്ടിയില്‍ എത്ര മുസ്ലിം സഖാക്കള്‍ ഉണ്ടാവും എന്ന് പിണറായിക്കും നന്നായറിയാം .
മാത്രവുമല്ല അവര്‍ ഇങ്ങനെ പറഞ്ഞേക്കാം :അന്ധവിശ്വാസമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.  മതത്തിന് പുറത്ത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഞങ്ങള്‍ക്ക് അതില്‍  വിശ്വാസമുണ്ട്. സമുദായത്തിന്റെ വിശ്വാസത്തെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് മുസ്‌ലിം പണ്ഡിതന്‍മാരാണ്.
അത് കൊണ്ട് തന്നെ മത പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ബോധവല്‍ക്കരണമാണ് ഇവിടെ വേണ്ടത് . അതിനു വേണ്ടി ശ്രമിക്കുന്ന നവോദ്ദ്ഥാന പ്രസ്ഥാനം   കേരളത്തില്‍ സജീവമായി ഉണ്ട് .അവര്‍ ആ ദൌത്യം നിര്‍വ്വഹിക്കുന്നുമുണ്ട് 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
താന്‍ ആകാശ യാത്ര നടത്തി മരണപ്പെട്ട മുന്‍ പ്രവാചകന്‍ മാരെ കണ്ടു എന്ന് പ്രവാചക തിരുമേനി പറഞ്ഞിട്ടുണ്ട് . അത് മുസ്ലിംകള്‍ അവാന്തര വ്യത്യാസമില്ലാതെ അംഗീകരിക്കുന്നുണ്ട് എന്നാണു എന്റെ അറിവ് .വിമാനങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു കാലത്ത്   ആകാശ ലോകത്തേക്ക് യാത്ര നടത്തി എന്നും  മരിച്ചു പോയവരെ ഒരാള്‍ കണ്ടു എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശുദ്ധ കളവാണ് എന്ന്  ഇപ്പോള്‍ പിണറായി പറഞ്ഞ സാമാന്യ യുക്തി വെച്ച് പറയാന്‍ കഴിയും .
അതായത് പ്രവാചകന്‍ കളവു പറഞ്ഞു എന്ന് പറയേണ്ടി വരും .
എന്നാല്‍ മുസ്ലിം ലോകത്ത് അംഗീകരിക്കപ്പെട്ട കാര്യമാണ് അതും . ഇപ്രകാരം പിണറായി പറഞ്ഞാല്‍ അതുണ്ടാക്കുന്ന പ്രത്യാഖാതം പിണറായിക്ക് നന്നായി അറിയാം . അപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ മത വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നത് അപകടം ചെയ്യും .അവര്‍ക്ക്  സാമാന്യ  യുക്തിയിലൂടെ  മാത്രമേ  കാര്യങ്ങള്‍  നോക്കി  കാണുവാന്‍  കഴിയുകയുള്ളൂ  എങ്കില്‍  കൂടുതല്‍  അപകടമാകും .  അത് സമൂഹത്തില്‍ കുഴപ്പമുണ്ടാക്കും . 


~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


തങ്ങളുടെ പാര്‍ട്ടി സഖാക്കളുടെ ക്ലാസ്സുകളില്‍ അത് പറഞ്ഞു നോക്കുക .എന്തായിരിക്കും പ്രതികരണം എന്ന് മനസ്സിലാക്കുക . പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ അഭികാമ്യമല്ല .കാരണം പിണറായിയെ നയിക്കുന്ന സാമാന്യ യുക്തിയല്ല മത വിശ്വാസികളെ നയിക്കുന്നത് .അവര്‍ക്ക് വേണ്ടത് മത പ്രമാണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള  പണ്ഡിതന്മാരുടെ വിശദീകരണങ്ങളും ആണ് .അതിന്റെ ശേഷം മാത്രമേ സാമാന്യ യുക്തി വരുന്നുള്ളൂ .   കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളോട് മത വിശ്വാസികളുടെ അകല്‍ച്ചക്കുള്ള   ഒരു പ്രധാന  കാരണവും അതിന്റെ ഉള്ളിന്റെ ഉള്ളിലുള്ള ഈ 'യുക്തി വിചാര'മാണ് .മത പ്രമാണങ്ങള്‍ക്ക് പകരം വെക്കാവുന്ന ഒന്നല്ല ഈ  സാമാന്യ യുക്തി   എന്നത് . മതത്തിലെ എല്ലാ കാര്യങ്ങളും  സാമാന്യ യുക്തി   കൊണ്ട് വിലയിരുത്താവുന്ന ഒന്നല്ല എന്നത് കൊണ്ട് പിണറായി വിജയന്‍റെ  ഇടപെടല്‍  സ്വാഗതം ചെയ്യാനാവില്ല . അത് മത പണ്ഡിതന്മാര്‍ തന്നെ കൈകാര്യം ചെയ്തു തീരുമാനത്തില്‍ എത്തേണ്ട വിഷയമാണ് . അല്ലെങ്കില്‍ മത പ്രമാണങ്ങള്‍ക്ക് പകരം പിണറായിയെ പോലുള്ളവരുടെ  സാമാന്യ യുക്തി   മാത്രം  ഉപയോഗിക്കുന്ന ഒരു  വിഭാഗമായി മത വിശ്വാസികള്‍ മാറും .അങ്ങനെ പോയാല്‍ എത്തിപ്പെടുക പിണറായി വിജയനും കമ്മൂനിസ്ടുകളും ആഗ്രഹിക്കുന്ന യുക്തി വാദത്തിലെക്കാവും.

സ്റെപ് ഔട്ട്‌ ഷോട്ട്

പിണറായി വിജയന്‍റെ ഈ  സാമാന്യ യുക്തി വാദം ഇടതു എം. എല്‍. എ .പി ടി എ റഹിം
അംഗീകരിക്കുന്നില്ല .
അദ്ദേഹത്തിനു കാന്തപുരം    പറയുന്നതാണ് വിശ്വാസം.
(ഈ വീഡിയോ യില്‍  കാണുക .)

മുടികത്തുമെന്ന് പറയുന്നത് ഒരു മതത്തിനും എതിരല്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടിയ്ക്ക് താല്‍പര്യമില്ലെന്നും പിണറായി ദേശാഭിമാനി യില്‍ 
കൊച്ചി: തിരുകേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാഗ്ഭടാനന്ദനെക്കുറിച്ചുള്ള സെമിനാറിലാണ് സാന്ദര്‍ഭികമായി തിരുകേശം വിവാദം പരാമര്‍ശിച്ചത്. പ്രവാചകന്റെ വാക്കുകള്‍ അനുസരിക്കാനും നടപ്പിലാക്കാനുമാണ് പ്രാധാന്യം നല്‍കേണ്ടത്. മുടികത്തുമെന്ന് പറയുന്നത് ഒരു മതത്തിനും എതിരല്ല. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പാര്‍ട്ടിയ്ക്ക് താല്‍പര്യമില്ലെന്നും പിണറായി പറഞ്ഞു.
1 comment:

  1. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളോട് മത വിശ്വാസികളുടെ അകല്‍ച്ചക്കുള്ള ഒരു പ്രധാന കാരണവും അതിന്റെ ഉള്ളിന്റെ ഉള്ളിലുള്ള ഈ 'യുക്തി വിചാര'മാണ് .മത പ്രമാണങ്ങള്‍ക്ക് പകരം വെക്കാവുന്ന ഒന്നല്ല ഈ സാമാന്യ യുക്തി എന്നത് . മതത്തിലെ എല്ലാ കാര്യങ്ങളും സാമാന്യ യുക്തി കൊണ്ട് വിലയിരുത്താവുന്ന ഒന്നല്ല എന്നത് കൊണ്ട് പിണറായി വിജയന്‍റെ ഇടപെടല്‍ സ്വാഗതം ചെയ്യാനാവില്ല . അത് മത പണ്ഡിതന്മാര്‍ തന്നെ കൈകാര്യം ചെയ്തു തീരുമാനത്തില്‍ എത്തേണ്ട വിഷയമാണ് . അല്ലെങ്കില്‍ മത പ്രമാണങ്ങള്‍ക്ക് പകരം പിണറായിയെ പോലുള്ളവരുടെ സാമാന്യ യുക്തി മാത്രം ഉപയോഗിക്കുന്ന ഒരു വിഭാഗമായി മത വിശ്വാസികള്‍ മാറും .അങ്ങനെ പോയാല്‍ എത്തിപ്പെടുക പിണറായി വിജയനും കമ്മൂനിസ്ടുകളും ആഗ്രഹിക്കുന്ന യുക്തി വാദത്തിലെക്കാവും.

    ReplyDelete

Blogger Template by Clairvo